നീരയെ ആര്‍ക്കു വേണം?

ചക്കരക്കള്ള് എന്ന നീരയെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും മിണ്ടാത്തതെന്ത്? മദ്യനിരോധത്തിനായി ജീവിതകാലം മുഴുവന്‍ പൊരുതിയ മഹാത്മാഗാന്ധി പോലും നീരയെന്നും ഹീരയെന്നും അറിയപ്പെടുന്ന ഈ ആരോഗ്യപാനീയത്തെ അനുകൂലിച്ചിരുന്നു.വിലയിടിവ് മൂലം നട്ടംതിരിയുന്ന കേരകര്‍ഷകരുടെ ഒരേഒരു രക്ഷാമാര്‍ഗമാണു തെങ്ങില്‍ നിന്നു ചെത്തിയെടുക്കുന്ന ലഹരിയില്ലാത്തതും പോഷകസമ്പുഷ്ടവുമായ ഈ മധുരക്കള്ള്.ഒരു തെങ്ങില്‍ നിന്നു പ്രതിവര്‍ഷം 2000 രൂപയെങ്കിലും ആദായം കിട്ടും.

പക്ഷേ, പാമോയില്‍ ഇറക്കുമതിക്കെതിരെ തെരുവിലിറങ്ങിയവരോ, 6 വര്‍ഷം മുന്‍പു നീര ചെത്തി പരസ്യമായി വിറ്റതിനു ജയിലില്‍ പോയ കര്‍ഷകസംഘടനക്കാരോ ഈ പ്രതിസന്ധി ഘട്ടത്തില്‍ നീര ചെത്താന്‍ അനുമതി നല്‍കി കേരകര്‍ഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല.കര്‍ണ്ണാടകത്തില്‍ 3 വര്‍ഷം മുന്‍പ് നീര ചെത്തി വില്‍ക്കാന്‍ ലൈസന്‍സ് നല്‍കിയപ്പോഴെങ്കിലും ഇവിടുത്തെ ആളുകള്‍ക്ക് ബോധോദയം ഉണ്ടാകേണ്ടതായിരുന്നു.പക്ഷേ, അബ്കാരികളെയും ചെത്തുതൊഴിലാളികളെയും ഭയന്ന് സര്‍വ്വരും മൌനം ദീക്ഷിക്കുകയാണു.

കേരളതിന്റെ സമ്പദ്ഘടന തന്നെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള നീര നമ്മുടെ ദേശീയ പാനീയം ആകേണ്ടതയിരുന്നു.പക്ഷേ ,ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയക്കാരുടെ പിടിവാശി കാരണം നീര പടിക്കു പുറത്താണു‍.കാലഹരണപ്പെട്ട അബ്കാരി നിയമം കാട്ടി നീര ചെത്തുന്നവരെ വിരട്ടിനിര്‍ത്താനാണു അവര്‍ക്കിഷ്ടം.

തെങ്ങിന്റെ കുല പ്രത്യേക രീതിയില്‍ ചെത്തിയാലാണു നീര കിട്ടുന്നത്.ചെത്തുമ്പോള്‍ നിശ്ചിത അനുപാതത്തില്‍ ലഭിക്കത്തക്ക വണ്ണം പാനയില്‍ ചുണ്ണാമ്പ് വെയ്ക്കുമ്പോള്‍ നീര ഊറി വരുന്നു.ദിവസവും മൂന്ന് നേരം നീര എടുക്കാം.ഇത് കുറുക്കി വറ്റിച്ച് ചക്കരയും ചോക്ലേറ്റും ഉണ്ടാക്കാം.


നീര പുളിച്ചാല്‍ കള്ളും ചാരായവുമാ‍കും എന്നതാണു നീരവിരോധികളുടെ മുഖ്യ ആരോപണം.നീര അങ്ങനെ തന്നെ സൂക്ഷിച്ച് വെക്കാനുള്ള സങ്കേതിക വിദ്യ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ എം. പി ഗിരിധരന്‍ വികസിപ്പിച്ചെടിത്തിട്ടുണ്ടു.അത് ഉപയോഗപ്പെടുത്തി നീര മാര്‍ക്കറ്റ് ചെയ്യാം.

ചീറ്റിപ്പോയ കോള നിരോധത്തെക്കാള്‍ ഫലപ്രദമായി കുത്തകകള്‍ക്കെതിരെ ഉപയോഗിക്കാന്‍ പറ്റിയ വജ്രായുധമാണു നീര.കോളയെ നീര നിഷ്പ്രഭമാക്കും.അത് കര്‍ഷകര്‍ക്ക് നല്‍കുക സ്വപ്നസമാനമായ ആദായമാണു.മൂന്ന് നേരം ചെത്തണമെന്നതിനാല്‍ ചെത്തുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ കിട്ടും.ലൈസന്‍സ് ഫീസ്സിനത്തില്‍ സര്‍ക്കാരിനു വരുമാവും കൂടും.വിനാഗിരി,ചക്കര തുടങ്ങിയ അനുബന്ധ വ്യവസായങ്ങള്‍ വികസിക്കും.ഒരു പരിധി വരെ, മണ്ഡരി ബാധ തടയാനും നീരക്ക് സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടു,.

എന്നിട്ടും, ഒരാളും നീരയെക്കുറിച്ച് സംസാരിക്കുന്നില്ല.അല്ലെങ്കിലും അര്‍ഥരഹിതമായ വിവാദങ്ങളിലല്ലാതെ ഇത്തരം നല്ല കാര്യങ്ങളില്‍ ആര്‍ക്കും താല്പര്യമില്ലെല്ലോ? കള്ളു ബിസ്സിനസ്സില്‍ നിന്നു കസേരയിലിരിക്കുന്നവര്‍ക്ക് പ്രതിമാസം കോടികളാണു കിമ്പളമായി കിട്ടുന്നത്.അത്തരം വന്‍ കച്ചോടങ്ങളില്‍ മാത്രമേ ഏവറ്ക്കും താല്പര്യമുള്ളൂ.അതാണു നാട്ടു നടപ്പ്.അതാണു കേരളത്തിന്റെ ശാപവും.

Advertisements