ബംഗാളി ഇംഗ്ലീഷ്, ക്വീൻസ് ഇംഗ്ലീഷ്

പ്രണബ് കുമാർ മുഖർജിയുടെ ‘ബംഗാളി ഇംഗ്ലീഷി’നെക്കുറിച്ച്,എന്തും ‘ഔ’ചേർത്ത് ഉച്ചരിക്കുന്നതിന്റെ  അഭംഗിയെക്കുറിച്ച്  ചിലരൊക്കെ ശങ്കാകുലരാണു.അഭിജാത ഇംഗ്ലീഷിന്റെ കാലത്ത് രാഷ്ട്രപതിഭവനിൽ നിന്ന് തനി ബംഗാളി ഇംഗ്ലീഷോ എന്നു സംശയിക്കുന്നവരോടാണു ഈ മറുചോദ്യം;
-ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലീഷ് എങ്ങനെ?
 കുറേ വർഷമായി മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്ന ചൂടേറിയ വിഷയമാണിത്.കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ രാജ്ഞിയുടെ ഇംഗ്ലീഷ് ഉച്ചാരണവും,ശൈലിയും മാറിപ്പോയെന്നാണു ആരോപണം.
ക്വീൻസ് ഇംഗ്ലീഷ്,ബി.ബി.സി ഇംഗ്ലീഷ്,ഒക്സ്ഫോർഡ് ഇംഗ്ലീഷ് എന്നീ പേരുകളിൽ ലോകമെങ്ങും അറിയപ്പെടുന്ന സ്റ്റാൻഡേർഡ് ഇംഗ്ലീഷിൽ രാജ്ഞി തന്നെ മായം ചേർത്താൽ,അത് തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കരുതുന്ന അഭിജാതരുടെ സമൂഹം എങ്ങനെ സഹിക്കും?
തലമുറകളായി കൈമാറികിട്ടുന്ന ഉച്ചാരണമാണു ഇതിന്റെ സവിശേഷത എന്നതിനാൽ ആർ.പി അഥവാ റിസീവ്ഡ്                                           പ്രൊനൺസിയേഷൻ എന്നും ഭാഷാ ശാസ്ത്രജ്ഞർ ക്വീൻസ് ഇംഗ്ലീഷിനു പേരു നൽകിയിട്ടുണ്ടു.ബ്രിട്ടനു പുറത്ത് ഇന്ത്യയടക്കം മാതൃകയായി സ്വീകരിച്ചിരിക്കുന്ന ഈ വിശേഷപ്പെട്ട ഇംഗ്ലീഷ് ബ്രിട്ടനിൽ എത്രശതമാനം പേർ ഉപയോഗിക്കുന്നുണ്ട്?
വെറും രണ്ടു ശതമാനം പേർ.അതേ, ബ്രിട്ടനിലെ 98 ശതമാനം ജനങ്ങളും സംസാരിക്കുന്നത് ഇംഗ്ലീഷിന്റെ പ്രാദേശിക വകഭേദങ്ങളാണു.ഒക്സ്ഫോർഡ് സർവകലാശാലയുടെ 20 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ ഈ അഭിജാതമായ ഇംഗ്ഗ്ലീഷ് പ്രചരത്തിലുള്ളൂ എന്ന് എം.എ ക്ലാസിൽ ഫൊണറ്റിക്സ് അദ്ധ്യാപകൻ പഠിപ്പിച്ചത് ഓർമ്മവരുന്നു.പക്ഷേ,ബ്രിട്ടനിലെ ഭരണാധികാരികളുടേയും സമൂഹത്തിലെ ഉന്നതരുടേയും ഇംഗ്ലീഷിനു ലോകമെങ്ങും കുലീനസ്ഥാനം ലഭിച്ചു.നമ്മുടെ കോൺവെന്റ് സ്കൂളുകളിലും പബ്ലിക്ക് സ്കൂളുകളിലും ഒക്സ്ഫോർഡ് ഇംഗ്ലീഷ് അഭിമാനത്തോടെ പഠിപ്പിക്കുന്നു.കുട്ടികളെ ആ ഉച്ചാരണം തന്നെ ശീലിപ്പിക്കുന്നു.അതിൽ പ്രാഗൽഭ്യം നേടാത്തവരുടെ ഇംഗ്ലീഷിനെ അവജ്ഞയോടെ വീക്ഷിക്കുന്നു.ഒക്സ്ഫോർഡ് ഇംഗ്ലീഷ് മണിമണിയായി സംസാരിക്കുന്നവരുടെ മുന്നിൽ ഏതു കവാടവും തുറക്കപ്പെടുന്നു.ഇംഗ്ലീഷ് മലയാളത്തിൽ പറഞ്ഞു ശീലിച്ചവർ പോലും ഉത്തരേന്ത്യക്കാരുടേയും തമിഴരുടേയും വന്യമായ ഉച്ചാരണംകേട്ട് ഊറിച്ചിരിക്കുന്നു.
ഒന്നാംതരം ഇംഗ്ലീഷ് സംസാരിക്കാനറിയാത്തവർ ദൃശ്യമാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇന്ന് കോമാളികളായി ചിത്രീകരിക്കപ്പെടുന്നു.ദേശീയ മാദ്ധ്യമങ്ങൾ ലാലുപ്രസാദിനും മുലയം സിങ്ങിനും ചാർത്തിക്കൊടുത്ത പ്രതിച്ഛായ നോക്കുക.സാമ്പത്തിക വിദഗ്ധർ ചരമക്കുറിപ്പെഴുതി കൈയൊഴിഞ്ഞ ഇന്ത്യൻ റെയിൽവേയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിലേക്ക് നയിച്ച ഈ ഭരണാധികാരിയെ നിരക്ഷരനായ നാട്ടിൻപുറത്തുകാരൻ എന്നപോലെയാണു അവർ നിരന്തരം അവതരിപ്പിച്ചത്.ഔദ്യോഗികവസതിയിൽ പശുവിനെ വളർത്തിയ,പരസ്യമായി മുറുക്കിത്തുപ്പുന്ന, പച്ചയായ ഈ മനുഷ്യൻ സംസാരിക്കുന്നത് ഉത്തരേന്ത്യക്കാരുടെ ഹിന്ദി പോലുമല്ല.അതിന്റെ പ്രാദേശിക വകഭേദമായഭോജ്പുരിയിൽ ആശയവിനിമയം നടത്തുന്ന,കോട്ടും സ്യൂട്ടുമിടാതെ ഐ.ഐ.എമ്മുകളിൽ പോലും തന്റെ ‘പ്രാകൃത’ രീതിയിൽ വിദ്യാർത്ഥികളോട് ഇടപെട്ട ഒരാളെ ഈ മാധ്യമങ്ങൾ എങ്ങനെ സഹിക്കും?
ഇംഗ്ലീഷ് പരിജ്ഞാനം കമ്മിയാ‍യവർക്ക് ഇനി ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ പെടാപ്പാട് പെടേണ്ടിവരും.മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഉണ്ടായ അധസ്ഥിതരുടെ രാഷ്ട്രീയമുന്നേറ്റമാണു സംസ്ഥാന തലത്തിൽ മാത്രം വ്യാപരിച്ചിരുന്ന ഒരു വലിയ സംഘം നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് ഉയർത്തിയത്.ദേവഗൌഡയിലൂടെ പ്രധാനമന്ത്രിപദം പോലും തങ്ങൾക്ക് അന്യമല്ലെന്ന് അവർ തിരിച്ചറിഞ്ഞു.
ഇന്ത്യൻ ഇംഗ്ലീഷ് പോലും നന്നായി അറിയാത്ത,നടപ്പിലും വേഷത്തിലുമൊക്കെ നാട്ടിൻ പുറത്തെ കർഷകരെ അനുസ്മരിപ്പിക്കുന്ന ഈ നേതാക്കളുടെ വൻ നിരയ്ക്ക് ദേശീയദിനപ്പത്രങ്ങൾ വിചിത്രമായ ഒരു വിളിപ്പേരും ചാർത്തി-റീജ്യണൽ സത്രപ്സ്!അവർ നിരന്തരം കാർട്ടൂണുകളിലൂടെ ആക്രമിക്കപ്പെട്ടു.കോമാളികളായി ചിത്രീകരിക്കപ്പെട്ടു.നെഹ്രുവും കൃഷ്ണമേനോനുമടക്കമുള്ള ദേശീയനേതാക്കൾ തങ്ങളുടെ ക്വീൻസ് ഇംഗ്ലീഷ് കൈമുതലാക്കി ദേശീയരാഷ്ട്രീയത്തിൽ എത്രയോ ഉയരങ്ങൾ കൈയ്യടക്കി.അതുകൊണ്ടായിരുന്നിരിക്കണം പ്രധാനമന്ത്രിക്കസേരയിലിരിക്കാനുള്ള ക്ഷണം “നോ ഇംഗ്ലീഷ്,നോ ഹിന്ദി” എന്നു പറഞ്ഞ് കാമരാജ് നിരാകരിച്ചത്.തമിഴൊഴികെ ഒരു ഭാഷയും അറിയാത്ത കാമരാജിനു ഒപ്പം കൂട്ടാൻ അന്ന് ദേശീയരാഷ്ട്രീയത്തിൽ മറ്റാരും ഉണ്ടാ‍യിരുന്നില്ലായിരിക്കാം.അതെന്തായാലും, അദ്ദേഹം അധികാരക്കസേര നിരാകരിച്ച ത്യാഗിയായി;കിങ് മേക്കറായി.
-ഇന്ന്,മാതൃഭാഷയ്ക്കപ്പുറം മറ്റൊനുമറിയാത്ത അസംഖ്യം നേതാക്കൾ ഡൽഹിയിൽ തന്നെയുണ്ടു.ഒരുപക്ഷേ അവരാണു ഇന്ന് നിർണ്ണായകശക്തി.തമിഴ് മാത്രം അറിയുന്ന അഴഗിരി ഇന്ന് കാബിനറ്റ് മന്ത്രിയാണു.ലോക്സഭയിൽ മന്ത്രിമാർക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിക്കാനേ അനുവാദമുള്ളൂ.അതിനാൽ ഇതു രണ്ടുമറിയാത്ത മന്ത്രി, സഭയിൽ മിക്കദിബസവും ഹാജരാകാറില്ല. വന്നാൽ തന്നെ ഒന്നും മിണ്ടാറില്ല.ഒന്നാംതരം ഒക്സ്ഫോർഡ് ഇംഗ്ലീഷ് സംസാരിക്കുന്ന പി.ചിദംബരത്തിന്റേയും മണിശങ്കർ അയ്യരുടേയും സുബ്രഹ്മണ്യൻ സ്വാമിയുടേയും നാട്ടിൽ നിന്നാണു അഴഗിരിയും വരുന്നത് എന്നോർക്കണം.
                                                                                                                                                    മാതൃഭാഷ മാത്രം അറിയുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇനി എത്രകാലം ദേശീയരാഷ്ട്രീയരംഗത്ത് പിടിച്ചു നിൽക്കും?കാലം മാറുകയാണു.മഹാത്മാഗാന്ധിയുടേയും കാൾ മാക്സിന്റേയും അനുയായികൾ ബദ്ധവൈരികളാണെങ്കിലും മുൻപ് വേഷഭൂഷാദികളിൽ ഏതാണ്ട് ഒരുപോലെയായിരുന്നു.ഖദറിലോ കൈത്തറിയിലോ ഉള്ള മുണ്ടും ജൂബയും.
-ഇന്നോ?തനി ഗാന്ധിയനും തൊഴിലാളിവർഗ്ഗ നേതാവുമൊക്കെ ധരിക്കുന്നത് വിലകൂടിയ എക്സിക്യൂട്ടീവ് ഡ്രസ്.ലണ്ടനിലും ഹാർവാർഡിലും മറ്റും വിദ്യാഭ്യാസം.കുത്തകകമ്പനി സി.എം.ഡിമാരുടെ ജീവിതശൈലി.എന്നും അടിച്ചു പൊളി.ഡാൻസ് ആന്റ് ഡൈൻ !
ടി.വി ചാനലുകൾ ജനഹിതത്തെ രൂപപെടുത്തുന്ന കാലത്ത് പാർട്ടികളുടെ വക്താക്കളായി ചാനൽ ചർച്ചകളിലും പത്രസമ്മേളനങ്ങളിലും തകർത്താടുന്നതിനു ഇഗ്ലീഷ്ഭാഷയിൽ അവഗാഹം വേണം.അതിനു ക്വീൻസ് ഇംഗ്ലീഷ് തന്നെ വേണം.ഇന്ത്യൻ ഇംഗ്ലീഷ് പോര.
-ഈ തിരിച്ചറിവ് ആദ്യം ഉണ്ടായത് ഇടതുപക്ഷത്തിനായിരിക്കണം.ഡൽഹിയിലെ ജെ.എൻ യുവിൽ നിന്ന് നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് അവർ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുകയാണെന്ന വിമർശനം ഉണ്ടായത് ഈ സാഹചര്യത്തിലാകണം.                                                                                                                             ഈ.എം.എസിന്റേയോ സുന്ദരയ്യയുടേയോ, ഹർകിഷൻ സിങ്ങ് സൂർജിത്തിന്റേയോ ത്യാഗപൂർണമായ ജീവിതാനുഭവങ്ങൾക്ക് സമാനമായ പ്രവർത്തനപാരമ്പര്യമുള്ള നേതാക്കൾക്ക് ഇനിയൊരിക്കലും ദേശീയ നേതൃത്വത്തിലേക്ക് ഉയരാൻ കഴിയില്ല.മാദ്ധ്യമവാക്പയറ്റുകളിൽ പ്രാവീണ്യമില്ലാത്ത ഒരാളും ഇനി രാഷ്ട്രീയരംഗത്ത് അതിജീവിക്കില്ല.ടി.വി പേഴ്സണാലിറ്റികളല്ലാത്ത അച്യുതാനന്ദന്റേയും മായാവതിയുടേയും കരുണാനിധിയുടേയും,എന്തിനു ഏ.കെ അന്റണിയുടേയും മാർക്കറ്റ് വാല്യൂ അനുദിനം ഇടിഞ്ഞേക്കും.മാദ്ധ്യമമാർക്കറ്റിലെ എടുക്കാചരക്കുകൾക്കിനി ജനാധിപത്യ ഗോദയിൽ അൽ‌പ്പായുസ്സാണു.അവർ അവിടെ മൂക്കും കുത്തി വീഴുക തന്നെ ചെയ്യും.
അത് നന്നായി അറിഞ്ഞതിനാലാകാം രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസിന്റെ നേതൃനിരയിലേക്ക് ടെസ്റ്റും ഇന്റർവ്യൂവും അടക്കമുള്ള ടാലന്റ് ഹണ്ടു നടത്തി ചെറുപ്പക്കാരെ നിയമിക്കുന്നത്.തൃത്താലയിലെ  കമ്മ്യൂണിസ്റ്റ് കോട്ട പിടിച്ചെടുത്ത വി.ടി ബലറാമിനെപ്പോലുള്ളവർ ഇത് ശരിവെക്കുന്നു.പിന്നാലെ മറ്റു സംഘടനകളും ഇത് മാതൃകയാക്കികൂടായ്കയില്ല.
ഇംഗ്ലീഷ് അൽ‌പ്പം അറിയാമെങ്കിലും ഹിന്ദിയിൽ മാത്രം പ്രസംഗിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മായാവതി പ്രൈമറിക്ലാസ് മുതൽ ഇംഗ്ലീഷ് നിർബ്ബന്ധിതമാക്കിയപ്പോൾ അതിനെ നഖശിഖാന്തം എതിർത്തയാളായിരുന്നു മുലായം സിങ്ങ്.പക്ഷേ,അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവ് അച്ഛന്റെ നയം ചവറ്റുകുട്ടയിലേക്കെറിഞ്ഞുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.മായാവതിയെക്കാളും,രാഹുലിനെക്കാളും ‘സ്മാർട്ടായ‘ അഖിലേഷ് അട്ടിമറി വിജയം നേടിയത് രാഷ്ട്രീയത്തിലെ അത്ഭുതങ്ങളിൽ ഒന്ന്. ഭാവി വിജയം ഇംഗ്ലീഷിൽ പ്രവീണ്യം നേടുന്നവർക്കുള്ളതാകുന്നു.                                                                                               അലിഗഡ്,കൊച്ചി സർവകലാശാലയുടേതടക്കമുള്ള അഖിലേന്ത്യാഎൻട്രൻസ് പരീക്ഷകളിൽ ബീഹാറുകാരും ഉത്തർപ്രദേശുകാരും ആദ്യറാങ്കുകൾ കുറേവർഷങ്ങളായി കൈക്കലാക്കുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു അവർ നൽകുന്ന പ്രാധാന്യം കാരണമാണു.അവരുടേത് ഇന്ന് പഴയ ‘ഹിംഗ്ലീഷ്’ അല്ല;അഭിജാത ബ്രിട്ടീഷുകാരോട് കിടപിടിക്കുന്ന സ്റ്റാൻഡേർഡ് ഇംഗ്ലീഷാണത്.അതിനാൽ അധികംവൈകാതെ അവർ കേരളത്തെ ഇനിയും പിന്നിലാക്കി  നേട്ടങ്ങൾ കൊയ്യും.
അവിടത്തെ ക്യാമ്പസുകളിൽ നിന്ന് നേരെ ദേശീയരാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നവരിൽ ഇനിയൊരിക്കലും മറ്റൊരു ലാലുപ്രസാദ് ഉണ്ടാകാനിടയില്ല.ഉന്നത ബിരുദധാരികളും സിവിൾ സർവീസിലെ പ്രഗൽഭരും രാഷ്ട്രീയപാർട്ടികളുടേയും ഭരണത്തിന്റേയും നേതൃനിരയിലെത്തുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു.ഇനി ഒരു ഇബിച്ചിവാവയ്ക്കും കാന്തലോട്ട് കുഞ്ഞമ്പുവിനും ലോനപ്പൻ നമ്പാടനും റാബ്രിദേവിക്കുമൊന്നും രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ജാതിയുംകുലമഹിമയുമൊന്നും നോക്കാതെ പന്ന്യൻ രവീന്ദ്രനെ ഒരു ഉപതെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക് അയച്ച് ചരിത്രം സൃഷ്ടിച്ചവരാണു തിരുവനന്തപുരത്തെ വോട്ടർമാർ.അതേ പന്ന്യൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ മത്സരിച്ചിരുന്നെങ്കിലോ?ഒരു ലക്ഷം വോട്ടിന്റെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷം ശശി തരൂരിനു നൽകിയ വോട്ടർമാരിൽ നല്ലൊരുശതമാനവും വോട്ടുചെയ്തത് അദ്ദേഹത്തിന്റെ ശുദ്ധമായ ഇംഗ്ലീഷിനായിരുന്നുവല്ലോ!
ഭാവിയിൽ അത്യുന്നത പദവികളിലേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള നേതാവാണു ശശി തരൂർ.മായം ചേർക്കാത്ത ബ്രിട്ടീഷ്,അമേരിക്കൻ അക്സറ്റുകളിൽ അനർഗ്ഗളമായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന നേതാക്കൾ വിരളമായത് അദ്ദേഹത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.വിവാദങ്ങൾ താൽക്കാലികമായി തളർത്തിയെങ്കിലും ഭാ‍വി രാഷ്ട്രീയനേതാക്കളുടെ വാ‍ർപ്പ് മാതൃകയായി തീരുകയാണു ശശി തരൂർ, ഇപ്പോൾ.
അതിനാൽ ഇനി നമ്മുടെ രാഷ്ട്രീയത്തിന്റെ രൂപവും ഭാവവും മാറിയേ തീരൂ.അധികാരമോഹം രക്തത്തിലലിഞ്ഞു ചേർന്ന എല്ലാവരും ഇനി ശശി തരൂരിന്റേയും ജയ്റാം രമേഷിന്റേയും കാലടികളെ തന്നെ പിന്തുടരും. അത് ക്വീൻസ് ഇംഗ്ലീഷിന്റെ വഴിയാണു.
ബ്രിട്ടനിലെ രണ്ടേ രണ്ടു ശതമാനം പേർ മാത്രം സംസാരിക്കുന്ന ,എലിസബത്ത് രാജ്ഞിക്കുപോലും നാവുപിഴയ്ക്കുന്ന ക്വീൻസ് ഇംഗ്ലീഷിനു ഇനി ഇവിടെ സുവർണ്ണകാലം.ഇപ്പോൾ തന്നെ ബ്രിട്ടീഷുകാരെക്കാൾ പതിന്മടങ്ങാളുകൾ ഒക്സ്ഫോറ്ഡ് ഇംഗ്ലീഷ് സംസാരിക്കുന്നത് ഇന്ത്യയിലായിരിക്കണം.
എലിസബത്ത് രാജ്ഞിയുടെ നാട്ടിൽ ക്വീൻസ് ഇംഗ്ലീഷ് അന്യം നിന്നാലും ഇന്ത്യൻ മണ്ണിൽ ഇനി അതിനു പുതുജന്മം!

റെയ്സിനാ ഹിത്സിൽ നിന്ന് ഭാവിയിൽ മുഴങ്ങുന്നത് ക്വീൻസ് ഇംഗ്ലീഷ് മാത്രമായേക്കും.